റിയാദ്: പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് മരിച്ചയില്‍. ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പനിയ്ക്ക് ബത്ഹയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അതിന് ശേഷം അദ്ദേഹം മുറിയ്ക്ക് പുറത്തിറങ്ങിയിരുന്നില്ല. നാട്ടില്‍ നിന്ന് ഭാര്യ ഫോണില്‍ വിളിച്ചിട്ടും മറുപടിയില്ലാതായതോടെയാണ് സുഹൃത്തുക്കള്‍ അന്വേഷിച്ചത്. മുറിയിലെത്തിയപ്പോള്‍ അടച്ചിട്ട നിലയിലായിരുന്നു. അകത്ത് നിന്ന് ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദവും കേള്‍ക്കാമായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി.