ഉമ്മുല്‍ഖുവൈന്‍: താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി ഗുരുതരാവസ്ഥയില്‍. യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ സ്വദേശി അനില്‍ നൈനാന്‍, ഭാര്യ നീനു എന്നിവരാണ് അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

അനില്‍ നൈനാന് 90 ശതമാനം പൊള്ളലേറ്റതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യ നീനുവും ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണ്. എന്നാല്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. നീനുവിന് 10 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ തിങ്കളാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമായതെന്നാണ് സൂചന. ഇരുവരെയും ഉമ്മുല്‍ഖുവൈന്‍ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ചൊവ്വാഴ്ച അബുദാബി മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. നീനുവിന്റെ ശരീരത്തില്‍ ആദ്യം തീപടരുകയും ഈ സമയം മുറിയിലായിരുന്ന അനില്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നുപിടിക്കുകയുമായിരുന്നെന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.