സഹജോലിക്കാരനായ ബംഗ്ലാദേശ് സ്വദേശിയെ പ്രതിചേർത്ത് കേസ് നടത്തിയാൽ കാൽ നഷ്ടപ്പെട്ടതിന്റെ നഷ്ടപരിഹാര തുക കൂടി ലഭിക്കും എന്ന് നിയമോപദേശം ലഭിച്ചെങ്കിലും നിത്യവൃത്തിക്കാരനായ മറ്റൊരു തൊഴിലാളിയെ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നായിരുന്നു രാജുവിന്റെ നിലപാട്. 

റിയാദ്: ജോലിക്കിടയിൽ സഹപ്രവർത്തകെൻറ അശ്രദ്ധമൂലമുണ്ടായ അപകടത്തിൽ കാൽ നഷ്ടപ്പെട്ട രാജു ഒടുവിൽ നാടണഞ്ഞു. 15 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന ഈ തിരുവനന്തപുരം പൂവാർ സ്വദേശിക്ക് അപകടത്തെ തുടർന്ന് ഇടതുകാലാണ് നഷ്ടമായത്. സൗദിയിൽ വിവിധ സ്ഥലങ്ങളിൽ വിവിധ തൊഴിലുകൾ ചെയ്തിരുന്ന രാജു നാല് വർഷം മുമ്പ് അൽഅഹ്സയിലെ സർവിസ് സ്റ്റേഷനിൽ ജോലിക്ക്‌ ചേർന്നു. 2019 മേയ് 29ന് ജോലി സ്ഥലത്ത് വെച്ചാണ് രാജുവിന് അപകടം സംഭവിക്കുന്നത്. 

വാഹനം കഴുകാനായി മോട്ടോർ ഓണ്‍ ചെയ്യാന്‍ പോയ രാജുവിന്റെ ദേഹത്തേക്ക്‌, സഹ ജോലിക്കാരനായ ബംഗ്ലാദേശി മുന്നോട്ട് എടുത്ത കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജു രണ്ട് മാസം ആശുപത്രിയിൽ കഴിഞ്ഞു. അപ്പോഴേക്കും ഇടത് കാൽ മുറിച്ച് മാറ്റേണ്ടി വന്നു. ആശുപത്രിയിൽ നിന്നു നേരെ താമസസ്ഥലത്തേക്ക് എത്തിച്ചതോടെ സ്‌പോണ്‍സറും കൈ ഒഴിഞ്ഞു. ഇതോടെ ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടു. 

2019 ആഗസ്റ്റിൽ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനായ ജസീർ ചിറ്റാർ രാജുവിന്റെ തൊട്ടടുത്ത മുറിയിൽ താമസത്തിനായി എത്തിയപ്പോഴാണ് ഇയാളുടെ ദാരുണമായ അവസ്ഥ അറിഞ്ഞത്. ഇതോടെ ജസിൽ രാജുവിന്റെ ഭക്ഷണം ഉൾപ്പടെയുള്ള പരിചരണം ഏറ്റെടുക്കുകയും സോഷ്യൽ ഫോറവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോൾ 2016 മുതൽ രാജുവിന് ഇഖാമ പുതിക്കിയിട്ടില്ലെന്നും അതിനാൽ ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ലെന്നും മനസിലായി. 

സോഷ്യൽ ഫോറം പ്രവർത്തകരായ മുഹിനുദ്ദീന്‍ മലപ്പുറം, ഷുക്കൂർ, ജിന്ന തമിഴ്നാട് എന്നിവർക്ക് ഒപ്പം ചേർന്ന് ലേബർ കോർട്ടിൽ പരാതി നൽകുകയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു. രണ്ട് വർഷത്തോളം നീണ്ടുനിന്ന ഇടപെടലുകളുടെ ഫലമായി രാജുവിന് നാട്ടിൽ പോകാനുള്ള ഔദ്യോഗിക രേഖകൾ ശരിയാകുകയും 16,480 റിയാൽ നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു.

സഹജോലിക്കാരനായ ബംഗ്ലാദേശ് സ്വദേശിയെ പ്രതിചേർത്ത് കേസ് നടത്തിയാൽ കാൽ നഷ്ടപ്പെട്ടതിന്റെ നഷ്ടപരിഹാര തുക കൂടി ലഭിക്കും എന്ന് നിയമോപദേശം ലഭിച്ചെങ്കിലും നിത്യവൃത്തിക്കാരനായ മറ്റൊരു തൊഴിലാളിയെ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നായിരുന്നു രാജുവിന്റെ നിലപാട്. അതുകൊണ്ട് ആ വകുപ്പിൽ കേസ് നൽകിയില്ല. 22 മാസം നീണ്ട ദുരിത ജീവിതം അവസാനിപ്പിച്ച് നിയമകുരുക്കുകൾ എല്ലാം അഴിച്ച് രാജു കഴിഞ്ഞ ദിവസം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക്‌ മടങ്ങി.