ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യ സമ്മാനം. തൃശൂര്‍ സ്വദേശി അജിത് നരേന്ദ്രനാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. സുഹൃത്തിനൊപ്പമാണ് അജിത് ഭാഗ്യം പരീക്ഷിക്കാന്‍ ടിക്കറ്റെടുത്തിരുന്നത്. 329-ാം സീരീസിലുള്ള 2657 നമ്പര്‍ ടിക്കറ്റാണ് ഇരുവരെയും കോടീശ്വരന്മാരാക്കിയത്. 

അബുദാബി മാരിയറ്റ് ഹോട്ടലില്‍ പര്‍ച്ചേസിങ് മാനേജരായിരുന്ന അജിത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. 47 വയസുകാരനായ അദ്ദേഹം മൂന്ന് വര്‍ഷം മുമ്പാണ്  അബുദാബിയിലെത്തിയത്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. സമ്മാനവിവരം അറിയിച്ചുകൊണ്ട് സംഘാടകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെയാണ് ഓണ്‍ലൈനായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റുകള്‍ വാങ്ങാന്‍ തുടങ്ങിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നറുക്കെടുപ്പും ടിക്കറ്റുമൊന്നും പിന്നീട് മനസില്‍ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇത്തവണത്തെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ രണ്ടും മൂന്നും സമ്മാനങ്ങളും മലയാളികള്‍ക്ക് തന്നെയാണ്. ബര്‍ദുബായില്‍ താമസിക്കുന്ന ടി. അബ്ദുല്‍ ജലീലിനും മറ്റൊരു മലയാളിയായ രാജേഷ് ബാലന്‍ പടിക്കലിനുമാണ് ആഢംബര ബൈക്കുകള്‍ സമ്മാനം ലഭിച്ചത്.