യുഎഇയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന മീനടം സ്വദേശി അരുണ്‍ ഈപ്പനോടാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാരോടും ഒപ്പം ശൈഖ് മുഹമ്മദ് വീഡിയോ കോളിലൂടെ സംസാരിച്ചത്.

അബുദാബി: മലയാളിയായ ആരോഗ്യ പ്രവര്‍ത്തകനോട് കൊവിഡ് പോരാട്ട വിവരങ്ങള്‍ തിരക്കിയും സേവനങ്ങള്‍ക്ക് നന്ദി അറിയിച്ചും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. യുഎഇയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന മീനടം സ്വദേശി അരുണ്‍ ഈപ്പനോടാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാരോടും ഒപ്പം ശൈഖ് മുഹമ്മദ് വീഡിയോ കോളിലൂടെ സംസാരിച്ചത്.

അരുണിനോട് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും കുടുംബത്തിന്റെ വിവരങ്ങള്‍ ചോദിക്കുകയും ചെയ്തു. കുടുംബത്തിന് ചെറിയ ആശങ്കയുണ്ടെങ്കിലും നിരന്തരമായി അവരോട് ആശയവിനിമയം നടത്തുന്നതിലൂടെ അത് ലഘൂകരിക്കാനായെന്ന് അരുണ്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് കൊവിഡ് കാലത്തെ അനുഭവങ്ങള്‍ ശൈഖ് മുഹമ്മദ് ചോദിച്ചറിഞ്ഞു. ഈ പ്രതിസന്ധി കാലത്ത് യുഎഇയില്‍ സേവനം ചെയ്യാനായതില്‍ അഭിമാനവും സന്തോവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രണ്ടാം വീടാണ് യുഎഇ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ഏറെ ആശങ്കയോടെ തങ്ങളുടെ അടുത്തെത്തുന്ന രോഗികള്‍ക്ക് ചികിത്സയ്ക്കൊപ്പം മാനസിക പിന്തുണയും നല്‍കുന്നു. ഏതാനും ദിവസങ്ങള്‍ കൊണ്ട് സമ്മര്‍ദങ്ങളെ അതിജീവിച്ച് രോഗികളില്‍ പ്രതീക്ഷ നിറയും. പിന്നീട് രോഗം ഭേദമായി അവര്‍ ആശുപത്രി വിടുമ്പോള്‍ അവരനുഭവിക്കുന്ന സന്തോഷമാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്നും അരുണ്‍ ശൈഖ് മുഹമ്മദിനോട് വിവരിച്ചു. കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ കാലത്തെ അതിജീവിക്കാനാവുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. അരുണിനും കുടുംബത്തിനും ശൈഖ് മുഹമ്മദ് ആശംസകള്‍ അറിയിച്ചു.

ശൈഖ് തയിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ശൈഖ സലാമ ബിന്‍ത് മുഹമ്മദ് ബിന്‍ ഹമദ് അല്‍ നഹ്‍യാന്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുമായും ആരോഗ്യ രംഗത്തെ വിദഗ്ധരുമായും ശൈഖ് മുഹമ്മദ് നടത്തിയ സംഭാഷണം ഇമാറാത്ത് ടെലിവിഷനും ദുബായ് ടെലിവിഷനും തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിന്റെ പൂര്‍ണരൂപം യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.

അരുണ്‍ ഈപ്പനുമായി ശൈഖ് മുഹമ്മദ് നടത്തിയ സംഭാഷണം കാണാം...
"