റിയാദ്: കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് റിയാദിൽ മരിച്ചു. ഓൾഡ് സനാഇയയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സായ കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് ബത്ഹയക്ക് സമീപം ഗുബേരയിലെ ഫ്ലാറ്റിൽ ബുധനാഴ്ച രാത്രിയോടെ മരിച്ചത്. 

രണ്ട് ദിവസം മുമ്പ് ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്നു. തുടർന്ന് ടെസ്റ്റ് നടത്തി. ബുധനാഴ്ച ഉച്ചയോടെ ഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. വൈകിട്ടോടെ ശ്വാസതടസം അനുഭവപ്പെടുകയും ആരോഗ്യവകുപ്പിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ച് അറിയിച്ച് അവരുടെ ആംബുലൻസ് എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് തോമസ് മാത്യു റിയാദിൽ ഒപ്പമുണ്ട്. ഏക മകൾ മറിയാമ്മ തോമസ് നാട്ടിലാണ്.