ലണ്ടന്‍: വിമാനയാത്രക്കിടെ സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സിന് അഭിനന്ദനപ്രവാഹം. അടിയന്തര വൈദ്യസഹായം ആവശ്യമായ ഘട്ടത്തെ സധൈര്യം നേരിട്ട കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്‍റു ജോസാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രശംസ നേടുന്നത്.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കാനഡയിലെ ടൊറന്റോയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ലണ്ടനില്‍ നഴ്‌സായ ഷിന്റു ജോസും ഭര്‍ത്താവ് ഷിന്റോയും. വിമാനം പറന്നുയര്‍ന്ന് നാലു മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് വിമാനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി 65കാരിക്ക് ഹൃദയാഘാത ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. നേരത്തെ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള വയോധികയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിലുള്ളവര്‍ പരിഭ്രാന്തരായി. യാത്രക്കാരില്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടെങ്കില്‍ മുമ്പോട്ട് വരണമെന്ന് ക്യാബിന്‍ ക്രൂ അഭ്യര്‍ത്ഥിച്ചു. ഹൃദയാഘാത ലക്ഷണങ്ങളാണെന്ന തിരിച്ചറിഞ്ഞ ഷിന്റു ഒട്ടും വൈകാതെ മുമ്പോട്ട് വരികയായിരുന്നു. 

സഹായവുമായി സ്റ്റാഫ് നഴ്‌സ് കൂടിയായ ഭര്‍ത്താവും എത്തിയതോടെ ഷിന്‍റുവിന് വയോധികയുടെ ജീവന്‍ രക്ഷിക്കാനായി. ഷിന്‍റുവിന്റെ തക്കസമയത്തെ ഇടപെടലും മനസാന്നിധ്യവും മൂലം ഒരു ജീവന്‍ രക്ഷിക്കാനായി എന്നത് മാത്രമല്ല ഇടയ്ക്ക് എവിടെയെങ്കിലും വിമാനം ഇറക്കേണ്ടി വന്നാല്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുമായിരുന്ന ബുദ്ധിമുട്ടും ഒഴിവാക്കാനായി. ബുധനാഴ്ച നാട്ടിലെത്തിയ ഇപ്പോള്‍ ദമ്പതികള്‍ ക്വാറന്റീനിലാണ്. ഷിന്റുവിനെ അഭിനന്ദിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ.