മക്ക: അപൂര്‍വ്വതകള്‍ നിറഞ്ഞ ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ചരിത്രത്തിന്റെ ഭാഗമായി മലയാളിയും. മഞ്ചേരി മേലാക്കം സ്വദേശി മുസ്ലിയാരകത്ത് അബ്ദുല്‍ ഹസീബാണ് ഹജ്ജിന് അനുമതി ലഭിച്ച സംഘത്തിലുള്‍പ്പെട്ട മലയാളി. അവസാന നിമിഷമാണ് ഹസീബിന് തെരഞ്ഞെടുക്കപ്പെട്ട ഹജ്ജ് സംഘത്തില്‍ ഇടം ലഭിച്ചത്.

12 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ഹസീബ് ഇതുവരെ ഹജ്ജ് നിര്‍വ്വഹിച്ചിട്ടില്ല. ജിദ്ദയിലെ പിഎംഎ സിബിഎം ഷിപ്പിങ് കമ്പനിയില്‍ അക്കൗണ്ടന്‍റാണ് 36കാരനായ ഇദ്ദേഹം. കൂടെ ജോലി ചെയ്യുന്ന സുഹൃത്താണ് ഹസീബിന് ഹജ്ജിന ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സഹായിച്ചത്. ഹസീബ് തെരഞ്ഞെടുക്കപ്പെട്ടതോടെ നാട്ടിലുള്ള ഭാര്യ ഇഷ്രത്ത് പര്‍വീനും മക്കളായ അയ്‌റയും ഐസിനും ഏറെ സന്തോഷത്തിലാണ്

തെരഞ്ഞെടുക്കപ്പെട്ടവരിലേറെയും മക്കയിലെത്തി എന്നറിഞ്ഞപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തിങ്കളാഴ്ച ഹസീബിനെ തേടി ഹജ്ജ് മന്ത്രാലയത്തില്‍ നിന്നും വിളി വരുന്നത്. എത്രയും വേഗം ജിദ്ദ വിമാനത്താവളത്തിലെത്തി മറ്റ് ഹജ്ജ് സംഘാംഗങ്ങള്‍ക്കൊപ്പം ചേരാനായിരുന്നു നിര്‍ദ്ദേശം ലഭിച്ചത്. കമ്പനിയെ അറിയിച്ച് ജിദ്ദയിലെത്തിയതോടെ ഹജ്ജ് മന്ത്രാലയത്തിന്റെ വാഹനത്തില്‍ മക്കയിലെ താമസസ്ഥലത്ത് എത്തിക്കുകയായിരുന്നു. വെയിറ്റിങ് ലിസ്റ്റിലായിരുന്ന ഹസീബിന് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ആരോ വരാതിരുന്നതിനാലാണ് അവസരം ലഭിച്ചത്. 20 പേരടങ്ങുന്ന സംഘത്തെ പ്രത്യേക വാഹനത്തിലാണ് താമസസ്ഥലത്ത് നിന്ന് മിനായിലെത്തിച്ചത്.

മിനായിലെ ബഹുനില കെട്ടിടത്തിലെ വിശാലമായ ഹാളില്‍ സാമൂഹിക അകലം പാലിച്ചാണ് കഴിയുന്നത്. ഹാളില്‍ നാല് തീര്‍ത്ഥാടകരെ മാത്രമാണ് താമസിപ്പിച്ചിരിക്കുന്നത്. കൊവിഡ് ജാഗ്രതിയില്‍ കഴിയുന്നതിനാല്‍ മറ്റുള്ളവരുമായി ആശയവിനിമയം കുറവാണ്. ലോകത്തിന്റെ സമാധാനത്തിനും ശാന്തിക്കും കൊവിഡില്‍ നിന്നുള്ള മുക്തിക്കുമായി പ്രാര്‍ത്ഥിക്കുമെന്ന് ഹസീബ് 'മലയാളം ന്യൂസി'നോട് പറഞ്ഞു.