റിയാദ്: ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. കണ്ണൂർ താണ സ്വദേശി അലക്കലകത്ത് മൂസ (63) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മക്രോണ സ്ട്രീറ്റിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ജിദ്ദ നാഷനൽ ആശുപത്രിക്ക് മുമ്പിൽ റോഡ് മുറിച്ചുകടക്കവെ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. ഉടൻ ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. 

35 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ദീർഘകാലം സൗദി കേബിൾ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സപ്പോർട്ട് സർവീസ് മാനേജരായി ജോലിചെയ്യുകയായിരുന്നു. തനിമ സാംസ്കാരിക വേദി ജിദ്ദ സൗത്ത് കൂടിയാലോചന സമിതി അംഗം, മാനവീയം രക്ഷാധികാരി, കണ്ണൂർ ജില്ലാ വെൽഫെയർ അസോസിയേഷൻ സ്ഥാപക പ്രസിഡൻറ്, അക്ഷരം വായനാവേദി അംഗം എന്നീ നിലകളിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പിതാവ്: പരേതനായ പൊറ്റച്ചിലകത്ത് ഹംസ, മാതാവ്: റുഖിയ്യ, ഭാര്യ: റുക്‌സാന, മക്കൾ: റയ്യാൻ മൂസ, ഡോ. നൗഷിൻ, അബ്ദുൽ മുഈസ്, റുഹൈം മൂസ.