Asianet News MalayalamAsianet News Malayalam

80 ലക്ഷം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല്‍വെച്ചു വീഴ്ത്തി; ദുബൈയില്‍ താരമായി മലയാളി

'കള്ളന്‍, കള്ളന്‍, പിടിച്ചോ' എന്ന്  ബന്ധു നജീബ് വിളിച്ചു പറയുന്നത് ശ്രദ്ധയില്‍പ്പെട്ട ജാഫര്‍ ഉടന്‍ തന്നെ റോഡിലൂടെ ഓടി വന്ന മോഷ്ടാവിന് കുറുകെ കാല്‍വെച്ച് വീഴ്ത്തി.

keralite stopped robbery attempt in duabi
Author
Dubai - United Arab Emirates, First Published Apr 14, 2021, 9:33 PM IST

ദുബൈ: 80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ നോക്കിയ മോഷ്ടാവിനെ കാല്‍വെച്ചു വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളി ദുബൈയില്‍ താരമായി. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചത്. 

കഴിഞ്ഞ ദിവസം ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് സമീപത്താണ് സംഭവം ഉണ്ടായത്. പുതിയ ജോലിക്കായി വിസിറ്റിങ് വിസയില്‍ ദുബൈയിലെത്തിയതാണ് ജാഫര്‍. ഇതിനിടെ ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായത്തിന് നില്‍ക്കുകയായിരുന്നു. 'കള്ളന്‍, കള്ളന്‍, പിടിച്ചോ' എന്ന്  ബന്ധു നജീബ് വിളിച്ചു പറയുന്നത് ശ്രദ്ധയില്‍പ്പെട്ട ജാഫര്‍ ഉടന്‍ തന്നെ റോഡിലൂടെ ഓടി വന്ന മോഷ്ടാവിനെ കുറുകെ കാല്‍വെച്ച് വീഴ്ത്തി. നിലത്ത് വീണ കള്ളന്‍ ഓടാന്‍ ശ്രമിച്ചപ്പോഴേക്കും മറ്റുള്ളവരും എത്തി ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

ഇന്ത്യക്കാരന്‍ ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോയ 3.9 ലക്ഷം ദിര്‍ഹം(80 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച മോഷ്ടാവിനെയാണ് ജാഫര്‍ കാല്‍കൊണ്ട് വീഴ്ത്തിയത്. 30 വയസ്സുള്ള ഏഷ്യന്‍ സ്വദേശിയാണ് പിടിയിലായത്. ഫുട്‌ബോള്‍ കളിക്കാരനായ ജാഫര്‍ മുമ്പ് അല്‍ ഐനില്‍ ശൈഖ് ഈസാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൊട്ടാരത്തില്‍ ഡ്രൈവറായിരുന്നു. മാതാവ്: ജാസ്മിന്‍, ഭാര്യ: ഹസീന, മക്കള്‍: നെദ, നേഹ, മുഹമ്മദ് നഹ്യാന്‍. ശൈഖിനോടുള്ള ആദരസൂചകമായാണ് മകന് മുഹമ്മദ് നഹ്യാന്‍ എന്ന് പേരിട്ടത്. 
 

Follow Us:
Download App:
  • android
  • ios