Asianet News MalayalamAsianet News Malayalam

രക്താർബുദം ബാധിച്ച ഭർത്താവിന്‍റെ ചികിത്സയ്ക്ക് കുവൈത്തിലെത്തി; തൊഴിലുടമയുടെ പീഡനം, നാട്ടിലെത്താനാകാതെ മലയാളി

രക്താർബുദ ബാധിതനായ ഭർത്താവ് ബിനോജിന്‍റെ ചികിത്സ ചെലവിന് വേണ്ടിയാണ് ലിൻഡ മൂന്ന് മാസം മുൻപ് വീട്ടുജോലിക്കായി കുവൈത്തിലെത്തിയത്. മലയാളിയായ ഏജന്‍റ് മുഖേനയാണ് കുവൈത്തിലേക്കുള്ള വിസ ലഭിച്ചത്.

Keralite stranded in Kuwait seek help to return back
Author
Wayanad, First Published Apr 11, 2022, 7:45 PM IST

വയനാട്: ഏജന്‍റ് വഴി വീട്ടുജോലിക്കായി കുവൈത്തിലെത്തിയ യുവതിയ്ക്ക് തൊഴിലുടമയുടെ പീഡനമെന്ന് പരാതി. വയനാട് വൈത്തിരി സ്വദേശിയായ ലിൻഡയാണ് നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലായത്. നാട്ടിലെത്തണമെങ്കിൽ വിസ നൽകിയ സ്പോൺസർക്ക് അഞ്ചര ലക്ഷം രൂപ നൽകണമെന്നാണ് ഏജന്‍റ് കുടുംബത്തെ അറിയിച്ചത്.

രക്താർബുദ ബാധിതനായ ഭർത്താവ് ബിനോജിന്‍റെ ചികിത്സ ചെലവിന് വേണ്ടിയാണ് ലിൻഡ മൂന്ന് മാസം മുൻപ് വീട്ടുജോലിക്കായി കുവൈത്തിലെത്തിയത്. മലയാളിയായ ഏജന്‍റ് മുഖേനയാണ് കുവൈത്തിലേക്കുള്ള വിസ ലഭിച്ചത്. മാസവേതനമായി 30000 രൂപ നൽകാമെന്ന് അറിയിച്ചു. എന്നാൽ ജോലിക്കുപോയ വീട്ടിൽ നിന്ന് സ്ഥിരമായി മർദനമേൽക്കാൻ തുടങ്ങിയതോടെ നാട്ടിലേക്ക് ഉടൻ മടങ്ങണമെന്ന് ബിനോജിനെ ഫോണിൽ വിളിച്ച് അറിയിച്ചു. എന്നാൽ അഞ്ചരലക്ഷം രൂപ നൽകാതെ നാട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു ഏജന്‍റിന്‍റെ മറുപടി.

ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടപ്പോൾ ഓഫീസിൽ നേരിട്ടെത്താനാണ് അറിയിച്ചത്. എന്നാൽ ജോലി ചെയ്യുന്ന വീട് വിട്ട് പുറത്തുപോകാൻ അനുമതിയില്ലെന്ന് ലിൻഡ പറയുന്നു. അമ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ലിൻഡയുടെ മൂന്ന് മക്കൾ. സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ.

Follow Us:
Download App:
  • android
  • ios