ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് അപകടമുണ്ടായത്. മുഹമ്മദ് ഇബാദ് ഓടിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

അബുദാബി: അബുദാബിയിലെ യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപം പുതിയതെരു സ്വദേശി റീം വില്ലയില്‍ മുഹമ്മദ് ഇബാദ് അജ്മല്‍(19)ആണ് മരിച്ചത്. യുകെയില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. 

ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് അപകടമുണ്ടായത്. മുഹമ്മദ് ഇബാദ് ഓടിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പൊലീസ് ഉടന്‍ തന്നെ അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പത്താം ക്ലാസ് വരെ അബുദാബി ഇന്ത്യന്‍ സ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം അബുദാബി ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളിലുമായിരുന്നു പൂര്‍ത്തിയാക്കിയത്. പിന്നീട് യുകെയിലെ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ കാര്‍ഡിഫ് ക്യാമ്പസില്‍ പഠനം തുടര്‍ന്ന മുഹമ്മദ് ഇബാദ് ഒരു മാസം മുമ്പാണ് അവധിക്ക് അബുദാബിയില്‍ മാതാപിതാക്കള്‍ക്ക് അടുത്തെത്തിയത്. 

ഇത്തിസാലാത്തിലെ എഞ്ചിനീയറിങ് ടെക്‌നോളജി വിഭാഗം ഉദ്യോഗസ്ഥനായ അജ്മല്‍ റഷീദിന്റെയും നബീലയുടെയും മകനാണ്. സഹോദരങ്ങള്‍: നൂഹ അജ്മല്‍, ആലിയ അജ്മല്‍, ഒമര്‍ അജ്മല്‍. ഖബറടക്കം അബുദാബി ബനിയാസില്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona