റിയാദ്: അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസകളുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ വേറെ വിസ വേണ്ടെന്ന പുതിയ നിയമം ഉപയോഗപ്പെടുത്തി മലയാളികളും സൗദിയിലെത്തിത്തുടങ്ങി. അമേരിക്കൻ വിസയുള്ള തൃശൂർ മാള സ്വദേശികളായ തോമസ് കല്ലറക്കലും മേരി തോമസും ഒരുപക്ഷേ ഈ രീതിയിൽ സൗദിയിലെത്തുന്ന ആദ്യ മലയാളി ദമ്പതികളാണെന്ന് കരുതപ്പെടുന്നു. 

പാസ്‍പോർട്ടിൽ അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസകളിൽ ഏതെങ്കിലുമുണ്ടെങ്കിൽ സൗദി അറേബ്യയുടെ ഏത് എയർപോർട്ട് വഴിയും ഓൺഅറൈവൽ വിസ നേടി സന്ദർശകരായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന പുതിയ നിയമം അടുത്തിടെയാണ് നടപ്പായത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളം വഴിയാണ് മലയാളി ദമ്പതികൾ കഴിഞ്ഞ ദിവസമെത്തിയത്. അമേരിക്കൻ വിസയുള്ള ഇരുവരും മക്കളെ കാണാൻ പുതിയ സംവിധാനം ഉപയോഗിക്കുകയായിരുന്നു. 

സാധാരണഗതിയിൽ വിദേശരാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരാൻ മുൻകൂറായി സന്ദർശക വിസ നേടണം. അതത് രാജ്യങ്ങളിലെ സൗദി എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ സ്റ്റാമ്പും ചെയ്യണം. എന്നാൽ അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസയുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കി പകരം അവർക്ക് ഓൺഅറൈവൽ വിസാസൗകര്യം ഏർപ്പെടുത്തിയ നിയമം കഴിഞ്ഞ മാസമാണ് നിലവിൽ വന്നത്. പക്ഷേ ചില നിബന്ധനകളുണ്ട്. പാസ്പോർട്ടിൽ ഈ പറഞ്ഞ വിസ ഒരിക്കൽ സ്റ്റാമ്പ് ചെയ്തത് കൊണ്ട് മാത്രം വരാനാവില്ല. ആ രാജ്യങ്ങളിലേക്ക് ഒരു തവണയെങ്കിലും യാത്ര ചെയ്യണം. വിസയ്ക്ക് കാലാവധി ഉണ്ടായിരിക്കുകയും വേണം. മാത്രമല്ല സൗദി എയർലൈൻസ് വിമാനം സൗദിയിലേക്കുള്ള യാത്രയ്ക്ക് ഉപയോഗിക്കുകയും വേണം. 

നിബന്ധനകളെല്ലാം പാലിച്ചുവരുന്നവർക്ക് സൗദി എയർപ്പോർട്ടുകളിൽ നിന്ന് ഓൺഅറൈവൽ വിസ ലഭിക്കും. ഇങ്ങനെ വരുന്നവർക്ക് എയർപോർട്ടുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. 400 സൗദി റിയാലാണ് ഓൺ അറൈവൽ വിസാ ഫീസ്. മൂന്നുമാസത്തേക്കുള്ള വിസയാണ് ലഭിക്കുക. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായ ഭാര്യ, മക്കൾ, പിതാവ്, മാതാവ്, ഭാര്യാപിതാവ്, ഭാര്യാമാതാവ് എന്നിവർക്ക് മാത്രമായിരുന്നു സന്ദർശക വിസ അനുവദിച്ചിരുന്നത്. അതിന് വേണ്ടി നിരവധി കടമ്പകളും കടക്കണം. 

എന്നാൽ പുതിയ വിസ നിയമം വന്നതോടെ അമേരിക്ക, ഷെങ്കൺ, ബ്രിട്ടൻ വിസയുള്ള ഇന്ത്യയുൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വളരെയെളുപ്പം സൗദിയിലെത്താനാകും. ആഭ്യന്തര വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.