റിയാദ്: വിസ തട്ടിപ്പിനിരയായി സൗദി അറേബ്യയിലെത്തി ദുരിതത്തിലായ മലയാളി യുവാവ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു. എറണാകുളം വൈറ്റില സ്വദേശി അശ്വിൻ പുത്തൻ പറമ്പിൽ, തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജന്റ് വഴി ഡ്രൈവർ വിസയിലാണ് റിയാദിലെത്തിയത്. എന്നാൽ ദുരിതങ്ങളാണ് റിയാദിൽ കാത്തിരുന്നത്. 

ചെറിയ വാഹനത്തിന്റെ ഡ്രൈവറായി റിയാദിലെ സ്വകാര്യ കമ്പനിയിൽ എത്തിയ ബി.ബി.എ ബിരുദധാരിയായ യുവാവ് ലൈസൻസില്ലാതെ ടാങ്കർ ലോറി  ഓടിക്കാൻ നിർബന്ധിതനാകുകയായിരുന്നു. വാഹനത്തിന്റെ എഞ്ചിൻ കേടായതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലാകുകയും ചെയ്യുകയായിരുന്നു. തുടർന്ന് പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജിബിൻ സമദ് കൊച്ചിയെ ബന്ധപെട്ടു സഹായം അഭ്യർഥിക്കുകയായിരുന്നു. 

ഭാരവാഹികൾ കമ്പനിയുമായി ബന്ധപെട്ട് ഫൈനൽ എക്‌സിറ്റ് നേടി സംഘടന നൽകിയ ടിക്കറ്റിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ജിബിൻ സമദ് കൊച്ചി, ജോൺസൺ മാർക്കോസ്, റസൽ, അസ്‌ലം പാലത്ത്, ബിനു കെ. തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. പി.എം.എഫ് കേരള ഘടകമുമായി ബന്ധപെട്ട് ട്രാവൽ ഏജൻറിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡൻറ് ഷാജഹാൻ ചാവക്കാട്, കോഓഡിനേറ്റർമാരായ സലിം വാലിലപ്പുഴ, മുജിബ് കായംകുളം എന്നിവർ അറിയിച്ചു.