അജ്‍മാന്‍: ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമയതിനെ തുടര്‍ന്ന് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ്‍മാനിലെ ആശുപത്രിയുടെ പാര്‍ക്കിങില്‍ വെച്ചാണ് തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി (45) അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കുകള്‍ കാരണം പിന്നീട് മരണപ്പെടുകയായിരുന്നു.

അജ്‍മാനിലെ ആശുപത്രിയില്‍ ആരോഗ്യ പരിശോധനക്ക് എത്തിയതായിരുന്നു ഇരുവരും. ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍, കാര്‍ ശരിയായി പാര്‍ക്ക് ചെയ്യാന്‍ ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു ലിജി. വാഹനത്തിന് മുന്നില്‍ നിന്ന് ഭര്‍ത്താവിന് നിര്‍ദേശം നല്‍കുന്നതിനിടെ നിയന്ത്രണം നഷ്‍ടമായ കാര്‍ മുന്നോട്ട് നീങ്ങുകയും ലിജിയെ ഇടിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ ഉടന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, ലിജിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പരിക്ക് ഗുരുതരമായിരുന്നതിനാല്‍  മരണപ്പെടുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്‍ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

ഇത്തരത്തിലുള്ള അപകടങ്ങള്‍ നേരത്തെയും സംഭവിച്ചിട്ടുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. പാര്‍ക്കിങ് സ്ഥലങ്ങളില്‍ കുട്ടികളെയും പരിസരത്തുള്ള മറ്റുള്ളവരെയും പ്രത്യേകം ശ്രദ്ധിക്കണം. വാഹനം പിന്നിലേക്ക് എടുക്കുമ്പോള്‍ ചെറിയ കുട്ടികള്‍ പിന്നില്‍ നില്‍ക്കുകയാണെങ്കില്‍ അവരെ മിററുകളിലൂടെ കാണാന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ അതീവശ്രദ്ധ വേണം.