ദമ്മാം: വ്യാഴാഴ്ച പുലർച്ചെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളി യുവാക്കളുടേയും മൃതദേഹങ്ങൾ ദമ്മാമിൽ ഖബറടക്കി. മലപ്പുറം താനൂർ കുന്നുംപുറം  തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22), വയനാട് കുഞ്ഞോം സ്വദേശി അൻസിഫ് (22)-, കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര സനദ് (22) എന്നിവരാണ് അപകടത്തിൽ പൊലിഞ്ഞത്.

സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിേൻറയും ജാഫർ കൊണ്ടോട്ടിയുടേയും അക്ഷീണയത്നമാണ് അപകടം നടന്ന് ഒരു ദിവസം കഴിയുന്നതിന് മുമ്പ് ഖബറടക്കാൻ സാധിച്ചത്. കൊവിഡ് പ്രതിന്ധിക്കിടയിലും വൻജനാവലിയാണ് ഖബറടക്ക ചടങ്ങിനെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ ഖബറടക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ ദമ്മാം മഖ്ബറയിലേക്ക് കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് രണ്ടോടെ ബബറടക്കം നടന്നു. ഒരേ സ്കൂളിൽ എൽ.കെ.ജി മുതൽ ഒരുമിച്ച, മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാർക്ക് അടുത്തടുത്തായാണ് ഖബറുകൾ ഒരുക്കിയത്.

സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമാകാൻ രക്ഷിതാക്കളോട് അനുവാദം ചോദിച്ച് കാറുമായി പോയതായിരുന്നു മൂന്നുപേരും. ദമ്മാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം സംഭവിച്ചത്. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മുന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

സൗദിയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു