റിയാദ്​: ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച്​ മലയാളി യുവാവിന്​ ദാരുണാന്ത്യം. പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു ചെക്ക് പോസ്​റ്റിന് സമീപമുണ്ടായ അപകടത്തില്‍ എറണാകുളം കളമശ്ശേരിയിൽ കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്‍മാഈലിന്റെ മകന്‍ ഹാഷിം ഇസ്മാഈല്‍ (26) ആണ് മരിച്ചത്. നഖല്‍ ലോജിസ്​റ്റിക്‌സ് കമ്പനി ജീവനക്കാരനാണ്.

യുവാവ്​ ഓടിച്ച ട്രെയിലർ ചെക്ക് പോസ്​റ്റില്‍ എണ്ണ ടാങ്കറിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ്​ തൽക്ഷണം മരിച്ചു. 11മാസം മുമ്പാണ് അദ്ദേഹം സൗദിയില്‍ ജോലിക്കെത്തിയത്. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മാഈല്‍. യാംബു ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്കായി കമ്പനി അധികൃതരും ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്.