അബുദാബി: വൈകാരിക സംഗമത്തിന്‍റെ അത്യപൂര്‍വ കൂടികാഴ്ചയായി കേരളത്തില്‍ നിന്നും ദുബായിലെത്തിയ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രക്കാരുടേത്. മാസങ്ങള്‍ക്കു ശേഷം ഉറ്റവരെ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു പലരും. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ എമിറേറ്റ്‌സ് കമ്പനീസാണ് ചാര്‍ട്ടര്‍ വിമാനമൊരുക്കിയത്. 

നീണ്ട നാലു മാസത്തിനു ശേഷം അമ്മയെ കാണാനായതിന്റെ സന്തോഷത്തിലാണ് ദുബായിലുള്ള വൈഭവും,വിദ്യുത് ഗിരീഷും, അച്ഛന് സുഖമില്ലാത്തതിനെ തുടര്‍ന്ന് നാട്ടിലേക്കു പോയ 'അമ്മ ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങി. വ്യോമഗതാഗതം നിലച്ചതോടെ യുഎഇലേക്ക് മടങ്ങാനാവാതെ പ്രയാസപ്പെട്ടു. അങ്ങനെ യുഎഇ പൗരന്മാരടക്കം പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ച 173 യാത്രക്കാരാണ് ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കോഴിക്കോട് നിന്നും യുഎഇയിലെത്തിയത്.  

ഇതാദ്യമായാണ് ഇത്ര  നീണ്ട കാലത്തേ വേര്‍പിരിയലെന്ന് ദുബായില്‍ തിരിച്ചെത്തിയവര്‍ പ്രതികരിച്ചു. ഒന്നര മാസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ദുബായിലെ എമിറേറ്റ്‌സ് കമ്പനീസ് ഹൗസാണ് യാത്ര യാഥാര്‍ത്ഥ്യമാക്കിയത്. വന്ദേഭാരത് വിമാനങ്ങളെക്കാള്‍ കുറഞ്ഞ നിരക്കാണ് യാത്രക്കാരില്‍ നിന്നും ഈടാക്കിയത്. യുഎഇലെ വേണ്ടപ്പെട്ടവരുടെ അടുത്തേക്കും, അടിയന്തരമായി ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടവരുടെയും നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് പ്രതിസന്ധികള്‍ക്കിടയിലും ഉദ്യമത്തിനിറങ്ങിയതെന്ന് എമിറേറ്റ്സ് കമ്പനീസ് ഹൗസ് ഉടമ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തിയ യാത്രക്കാരെ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് മാനേജ്‌മെന്‍റ് പ്രതിനിധികള്‍  മധുരം നല്‍കി സ്വീകരിച്ചു.