Asianet News MalayalamAsianet News Malayalam

സൗദിയില്‍ നിയമക്കുരുക്കിലകപ്പെട്ട ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ക്ക് മലയാളികള്‍ തുണയായി

നാട്ടിലേക്ക് പോകാന്‍ ദമ്മാം വിമാനത്താവളത്തില്‍ എത്തിയ പുഷ്പയ്ക്ക് പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ച് വിമാനയാത്ര മുടങ്ങി.  മഞ്ജു നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ അവരെ സഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഒരു മാസത്തോളം അവിടെ അവര്‍ക്ക് കഴിയേണ്ടി വന്നു.

Keralites saved Indian domestic workers from legal issues
Author
Riyadh Saudi Arabia, First Published Nov 9, 2021, 5:51 PM IST

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) നിയമക്കുരുക്കിലകപ്പെട്ട് നാട്ടില്‍ പോകാനാവാതെ കഴിയുകയായിരുന്ന രണ്ട് ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ക്ക് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷ്മി, തമിഴ്‌നാട് സ്വദേശിനി പുഷ്പ എന്നിവരാണ് ദമ്മാമില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ആസ്തമ മൂലം ജോലി ചെയ്യാനാകാത്തതിനാല്‍ സ്‌പോണ്‍സര്‍ ഉപേക്ഷിച്ച പുഷ്പ ആറ് മാസം മുമ്പാണ് ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തുന്നത്.

മൂന്ന് മാസം കഴിഞ്ഞപ്പോള്‍, നവയുഗം ഭാരവാഹിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്‍റെ ഇടപെടലില്‍ പുഷ്പയ്ക്ക് നാട്ടിേലക്ക് മടങ്ങാനുള്ള എക്സിറ്റ് വിസ അടിച്ചു കിട്ടി. നാട്ടിലേക്ക് പോകാന്‍ ദമ്മാം വിമാനത്താവളത്തില്‍ എത്തിയ പുഷ്പയ്ക്ക് പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ച് വിമാനയാത്ര മുടങ്ങി.  മഞ്ജു നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ അവരെ സഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഒരു മാസത്തോളം അവിടെ അവര്‍ക്ക് കഴിയേണ്ടി വന്നു.

അസുഖം കുറഞ്ഞു പുഷ്പയെ ഡിസ്ചാര്‍ജ്ജ് ചെയ്തപ്പോള്‍  മഞ്ജു അവരെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ശിശ്രൂഷിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ വെങ്കിടേഷ്, പുഷ്പയുടെ വീട്ടുകാരെ കണ്ടെത്താന്‍ സഹായിച്ചു. ഇതിനിടെ കാലാവധി തീര്‍ന്ന പുഷ്പയുടെ ഫൈനല്‍ എക്‌സിറ്റ് വിസ മഞ്ജുവിന്റെ ശ്രമഫലമായി പുതുക്കി. എന്നാല്‍ വിമാനത്തില്‍ തുണയായി പോകാന്‍ ആരെങ്കിലും ഉണ്ടെങ്കിലേ രോഗിണിയായ പുഷ്പക്ക് യാത്ര ചെയ്യാനാവൂ എന്ന അവസ്ഥ കാരണം യാത്ര നീണ്ടൂ. ജോലിസ്ഥലത്തെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയ ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷ്മിയുടെ കേസ്, എംബസി അധികൃതര്‍ മഞ്ജു മണിക്കുട്ടനെ ഏല്‍പ്പിച്ചത് ഈ സമയത്താണ്. ദമ്മാമില്‍ എത്തിയ ലക്ഷ്മിയെ മഞ്ജു കൂട്ടികൊണ്ടു പോയി തന്‍റെ വീട്ടില്‍ താമസിപ്പിച്ചു.

ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ലക്ഷ്മിക്കും ഫൈനല്‍ എക്‌സിറ്റ് വിസ അടിച്ചു വാങ്ങാന്‍ മഞ്ജുവിന് കഴിഞ്ഞു. ലക്ഷ്മിക്കും പുഷ്പയ്ക്കും ഇന്ത്യന്‍ എംബസി വഴി ഔട്ട്പാസും മഞ്ജു വാങ്ങി നല്‍കി. ലക്ഷ്മിയുടെ കൂടെ പുഷ്പയെ നാട്ടില്‍ വിടാനുള്ള നടപടികള്‍ നവയുഗം ജീവകാരുണ്യവിഭാഗം പൂര്‍ത്തിയാക്കി. എല്ലാം പൂര്‍ത്തിയായി ലക്ഷ്മിയും പുഷ്പയും നാട്ടിലേയ്ക്ക് മടങ്ങി.

(ഫോട്ടോ: പുഷ്പയും ലക്ഷ്മിയും തങ്ങളെ സഹായിച്ച സാമൂഹ്യപ്രവര്‍ത്തകരോടൊപ്പം)


 

Follow Us:
Download App:
  • android
  • ios