പ്രവാസികളുടെ കുടുംബ വിസ, കുട്ടികളുടെ ഐഡി കാർഡ് എന്നിവ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചു. ഇതിനായി കൂടുതൽ സർട്ടിഫിക്കറ്റുകളും രേഖകളും സമർപ്പിക്കേണ്ടിവരും. കഴിഞ്ഞ ദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നത്.

മസ്കറ്റ്: ഒമാനിൽ പ്രവാസികളുടെ കുടുംബ വിസ, കുട്ടികളുടെ ഐഡി കാർഡ് എന്നിവ പുതുക്കുന്നതിന് പുതിയ നിയമങ്ങൾ. പ്രവാസി കുടുംബ വിസ, കുട്ടികളുടെ ഐഡി കാർഡുകൾ, ജീവനക്കാരുടെ ഐഡി കാർഡുകൾ എന്നിവ പുതുക്കുന്നതിനാണ് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചത്. ഇതിനായി കൂടുതൽ സർട്ടിഫിക്കറ്റുകളും രേഖകളും സമർപ്പിക്കേണ്ടിവരും. കഴിഞ്ഞ ദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നത്.

കുട്ടികളുടെ ഐഡി കാർഡ് പുതുക്കുന്നതിന്, മാതാപിതാക്കൾ ഒറിജിനൽ പാസ്‌പോർട്ട്, വിസ പേജിന്‍റെ പകർപ്പ്, കൂടാതെ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കുട്ടിയുടെ ഐഡി പുതുക്കുന്നതിനായി രണ്ട് മാതാപിതാക്കളും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാകണം. പങ്കാളിയുടെ വിസ പുതുക്കുന്നതിന്, ഒറിജിനൽ പാസ്‌പോർട്ടുകൾക്കൊപ്പം ദമ്പതികളുടെ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് നിർബന്ധമാണ്. വിസ പുതുക്കുന്നതിനായി ഭർത്താവും ഭാര്യയും ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാകണം. പ്രവാസി റെസിഡൻസ് കാർഡ് പുതുക്കുന്നതിന്, ഒറിജിനൽ പാസ്‌പോർട്ട്, കാലഹരണപ്പെട്ട റെസിഡൻസ് കാർഡ്, വിസയുടെ വിശദാംശങ്ങൾ എന്നിവ ഹാജരാക്കണം.