Asianet News MalayalamAsianet News Malayalam

കൊലപാതകം നടത്താനായി മാത്രം യുഎഇയിലെത്തി; രക്ഷപെടാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ്

സഹോദരിയെ വിവാഹം കഴിച്ചയാള്‍ കാരണമൊന്നും കൂടാതെ വിവാഹമോചനം ചെയ്തുവെന്നാരോപിച്ചായിരുന്നു കൊലപാതകം. നേരത്തെ യുഎഇയിലുണ്ടായിരുന്ന പ്രതി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. 

Killer arrested at Dubai airport
Author
Ajman - United Arab Emirates, First Published Mar 6, 2019, 3:23 PM IST

അജ്‍മാന്‍: സഹോദരിയെ വിവാഹമോചനം ചെയ്തന്റെ പേരില്‍ 43 വയസുകാരനെ കുത്തിക്കൊന്ന പ്രതിയെ അജ്മാന്‍ പൊലീസ് നാടകീയമായി പിടികൂടി. 36കാരനായ പാകിസ്ഥാന്‍ പൗരന്‍ കൊലപാതകം നടത്താനായി മാത്രമായാണ് യുഎഇയില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. നാട്ടിലേക്ക് രക്ഷപെടുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

സഹോദരിയെ വിവാഹം കഴിച്ചയാള്‍ കാരണമൊന്നും കൂടാതെ വിവാഹമോചനം ചെയ്തുവെന്നാരോപിച്ചായിരുന്നു കൊലപാതകം. നേരത്തെ യുഎഇയിലുണ്ടായിരുന്ന പ്രതി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. മുന്‍ സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ച് ഒരാഴ്ച മുന്‍പ് ഇയാള്‍ സന്ദര്‍ശക വിസയില്‍ അജ്മാനിലെത്തുകയായിരുന്നു. ഒരാഴ്ച നിരീക്ഷിച്ച ശേഷം താമസ സ്ഥലത്ത് കയറി പല തവണ ശരീരത്തില്‍ പലയിടത്തായി കുത്തുകയായിരുന്നു. ശേഷം സ്ഥലത്ത് നിന്ന് രക്ഷുപെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. എന്നാല്‍ അപ്പോഴും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.

പൊലീസ് ഉടന്‍ തന്നെ ഇയാളെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് തന്നെ കുത്തിയ വ്യക്തിയുടെ പേര് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ അത് ആരാണെന്നോ മറ്റ് വിവരങ്ങളോ പറയുന്നതിന് മുന്‍പ് ഇയാള്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പേര് മുന്‍നിര്‍ത്തി പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തുക്കളെയും ഒപ്പം താമസിച്ചവരെയും ചോദ്യം ചെയ്തതില്‍ നിന്ന് മുന്‍ഭാര്യയുടെ സഹോദരന്റെ പേര് ഇതാണെന്ന് മനസിലാക്കി. ഇയാള്‍ അടുത്തിടെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയിട്ടുണ്ടെന്ന് കൂടി മനസിലാക്കിയതോടെ കൃത്യം നടത്തിയത് ഇയാള്‍ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. 

തുടര്‍ന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ തെരച്ചില്‍ തുടങ്ങി. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇയാള്‍ക്കായുള്ള അറസ്റ്റ് വാറണ്ട് കൈമാറി. ഈ സമയം ദുബായ് വിമാനത്താവളത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുയായിരുന്നു പ്രതി. വാറണ്ട് ലഭിച്ചതോടെ വിമാനത്താവള അധികൃതര്‍ ഇയാളെ തിരിച്ചറിയുകയും പൊലീസ് പിടികൂടുകയുമായിരുന്നു. കൊലപാതകം നടത്തിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തന്റെ സഹോദരിയെ ഒരു കാരണവുമില്ലാതെ ഇയാള്‍ വിവാഹമോചനം ചെയ്തുവെന്നും സഹോദരി അപമാനിക്കപ്പെട്ടതിന് പ്രതികാരം ചെയ്യാനായാണ് കൊലപാതകം ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. സഹോദരിയോ നാട്ടിലെ മറ്റ് ബന്ധുക്കളോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. അജ്മാന്‍ പൊലീസ് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ കേസ് കൈമാറി.

Follow Us:
Download App:
  • android
  • ios