മനാമ: അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഭൗതികശരീരം ബഹ്‌റൈനില്‍ എത്തിച്ചു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍, ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് എന്നിവയിലെ മുതിര്‍ന്ന പ്രതിനിധികള്‍ എന്നിവര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങാനെത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. 

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അന്ത്യം. 84 വയസായിരുന്നു. അന്തരിച്ച പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഹമദ് രാജാവ് ബഹ്‌റൈനില്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.