റിയാദ്: ഫൈനൽ എക്സിറ്റ് വിസയിൽ സൗദിയിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത. വിസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടാന്‍ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഫൈനൽ എക്സിറ്റ് വിസ അടിച്ചിട്ടും കൊവിഡ് പശ്ചാത്തലത്തിൽ വിമാന സർവിസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം. 

ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ് വിസ കാലാവധി ദീർഘിപ്പിച്ച് നൽകുന്നത്. വിസ ദീർഘിപ്പിക്കൽ നടപടി ആരംഭിച്ചതായി സൗദി ജവാസത്ത് അറിയിച്ചു. അപേക്ഷ നൽകാതെ തന്നെ സ്വമേധയാ കാലാവധി ദീർഘിപ്പിക്കും. കൊവിഡ് വന്നതിന് ശേഷം ഇതുവരെ 29,000 പേരുടെ ഫൈനല്‍ എക്‌സിറ്റ് വിസകൾ ഇപ്രകാരം പുതുക്കിയതായി ജവസാത്തിനെ ഉദ്ധരിച്ച് ‘അഖ്ബാർ’ ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്തു.