ദുബായ്: ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു. ലോകം മുഴുവന്‍ കൊവിഡ് എന്ന മഹാമാരിയില്‍ പകച്ച് നില്‍ക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയും നിതാന്ത ജാഗ്രതയും കൈവിടാതെ സമൂഹത്തില്‍ ഇടപെട്ട കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നു. 

നിപ്പയ്ക്ക് പിന്നാലെ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഒട്ടും പതറാതെ അര്‍പ്പണ മനോഭാവത്തോടെ നിസ്വാര്‍ത്ഥ സേവനവുമായി ആരോഗ്യമേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച നേതൃപാടവം കൂടി പരിഗണിച്ചാണ് കേരളത്തിന്റെ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറെ 2020 ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്‍സന്‍ ഓഫ് ദ ഇയര്‍  ആയി പ്രവാസലോകം തെരഞ്ഞടുത്തത്.

 കഴിഞ്ഞ 28 വര്‍ഷത്തിലേറെ കാലമായി യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ ഏഷ്യ. ദീര്‍ഘ കാലത്തെ എ.എം പ്രക്ഷേപണത്തിന് ശേഷമാണ് ഇപ്പോള്‍ 94.7 എഫ്. എമ്മിലൂടെയാണ് പ്രക്ഷേപണം നടത്തുന്നത്.