റിയാദ്: ദമ്മാമില്‍ മലയാളി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്ററാണ് (32) ഇന്നലെ വൈകിട്ട് അല്‍ കോബാര്‍ റാക്കയിലുള്ള താമസസ്ഥലത്തു കുത്തേറ്റ് മരിച്ചത്. പ്രതി പോലീസ് പിടിയിലായി. കൊല്ലം സ്വദേശി സക്കീര്‍ ആണ് പിടിയിലായത്.

സ്വകാര്യ മാന്‍പവര്‍ കമ്പനിയുടെ കീഴില്‍ കഴിഞ്ഞ ആറു മാസമായി ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ഇതേ സ്ഥാപനത്തിലെ തന്നെ ഹൗസ് ഡ്രൈവറും മലയാളിയുമായ കൊല്ലം സ്വദേശിയുടെ കുത്തേറ്റാണ് സന്തോഷ് മരിച്ചത്. സംസാരത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

സന്തോഷിനൊപ്പം ഉണ്ടായിരുന്ന മലയാളിയായ ജിജോയ്ക്കും കുത്തേറ്റിരുന്നു. എന്നാല്‍ ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്ന ജിജോയുടെ നില ഗുരുതരമല്ല. മരിച്ച സന്തോഷിന്റെ മൃതദ്ദേഹം ദമ്മാം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.