ദുബായ്: കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ദിഖിനെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ പരാതിയുമായി ഭാര്യ. പെരുത്തിയോട്ട് ‌വളപ്പില്‍ ഷറഫുനീസയാണ് ദുബായ് പൊലീസിൽ പരാതി നൽകിയത്. തന്നെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചത്. ദുബായ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ദുബായില്‍ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് ബന്ധുക്കൾക്കൊപ്പം ഡെസേര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച്, അപവാദ പ്രചാരണം നടക്കുന്നു എന്നാണ് പരാതിയുടെ ഉളളടക്കം. ഡെസേർട്ട് സഫാരിക്കിടെ ഇരുന്ന സ്ഥലത്ത് നിന്ന് എഴുന്നേൽക്കുന്നതിനിടെ കാല് തെന്നി സിദ്ദിഖ് വീഴാൻ തുടങ്ങിയിരുന്നു. ഇത് മദ്യപിച്ചതാണെന്നാണ് ആരോപണം ഉയർന്നത്. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് സിദ്ദിഖ് രംഗത്ത് വന്നിരുന്നു.