ജിദ്ദ: കോഴിക്കോട് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം  യന്ത്രത്തകരാറിനെ തുടര്‍ന്ന് തായിഫില്‍ ഇറക്കി. 184 യാത്രക്കാരുണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനം ഞായറാഴ്ച രാവിലെ 8.40നാണ് തായിഫില്‍ ഇറക്കിയത്. യാത്രക്കാരില്‍ 101 പേര്‍ ഉംറ തീര്‍ത്ഥാടകരായിരുന്നു.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ വൈകുന്നേരം വരെ തായിഫ് വിമാനത്താവളത്തില്‍ കുടുങ്ങി. ജിദ്ദയില്‍ നിന്ന് വിമാനക്കമ്പനി ജീവനക്കാര്‍ തായിഫിലെത്തിയിരുന്നെങ്കിലും എമിഗ്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനത്തിനായി തായിഫിലെത്തിയിരുന്നതിനാല്‍ വിമാനത്താവളം കനത്തസുരക്ഷാ വലയത്തിലായിരുന്നു. യാത്രക്കാര്‍ക്ക് വിമാനക്കമ്പനി ഭക്ഷണമെത്തിച്ചുനല്‍കി. വൈകുന്നേരം അഞ്ച് മണിയോടെ തായിഫില്‍ നിന്നുതന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഉംറ തീര്‍ത്ഥാടകരെ മക്കയിലേക്കും മറ്റുള്ളവരെ ജിദ്ദയിലേക്കും വിമാനക്കമ്പനി ബസില്‍ എത്തിക്കുകയായിരുന്നു.