Asianet News MalayalamAsianet News Malayalam

കെഎസ്എഫ്ഇ പ്രവാസി ചിട്ടി യൂറോപ്പിലേക്ക്; മെയ് 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇതുവരെയുള്ളതിൽ നിന്ന് വ്യത്യസ്തമായി രജിസ്ട്രേഷനും ചിട്ടിയിൽ ചേരുന്നതും ഒരുമിച്ചാണ് യൂറോപ്യൻരാജ്യങ്ങളിൽ ലഭ്യമാക്കുക, അതായത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നവർക്ക് ഉടൻതന്നെ ചിട്ടിയിൽ ചേരുവാൻ കഴിയും.

ksfe extends pravasi chits to europe from may 17
Author
London, First Published May 13, 2019, 2:53 PM IST

കൊച്ചി: കെഎസ്എഫ്ഇയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി കെഎസ്എഫ്ഇ പ്രവാസി ചിട്ടി യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി സമൂഹത്തിനു മെയ് 17 മുതൽ ലഭ്യമാക്കുന്നു. അന്നേദിവസം ലണ്ടനിലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ  കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ നൂതന പദ്ധതിയ്ക്ക് രൂപം നല്കിയ കേരള സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

കെഎസ്എഫ്ഇയുടേയും കിഫ്ബിയുടേയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നു. ഇതിനോടനുബന്ധിച്ചു പ്രവാസി ചിട്ടിയെ പരിചയപ്പെടുത്തുന്നതിനു മെയ് 18നു ഹാന്‍ലി കാസ്റ്റില്‍ ഹൈസ്കൂള്‍, ചര്‍ച്ച് എന്‍ഡ്, വോര്‍ സീസ്റ്ററിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ഹാള്‍, ബോണ്‍മൗന്‍റിലും   കൂടാതെ മെയ് 19നു ഡബ്ലിനിലെ കാര്‍ല്‍ട്ടന്‍ ഹോട്ടലിലും മലയാളി സൗഹൃദകൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. 2018 നവംബർ ഇരുപത്തിമൂന്നാം തീയതി ലേലം ആരംഭിച്ച കെഎസ്എഫ്ഇ പ്രവാസി ചിട്ടി അഞ്ച് മാസം കൊണ്ടുതന്നെ 7 കോടി  32 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ്സ് കൈവരിച്ചുകഴിഞ്ഞു. 

പ്രാരംഭഘട്ടത്തിൽ യു.എ.ഇ യിലെ പ്രവാസി മലയാളികള്ക്ക് മാത്രം ലഭ്യമായിരുന്ന ഈ പദ്ധതി 2019 ഏപ്രിലോടെയാണ് എല്ലാ ജി.സി.സി രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്. ഇപ്പോഴിതാ യൂറോപ്പിലാകെയുള്ള മലയാളി സമൂഹത്തിനു കൂടി ഇത് കരഗതമാകുകയാണ്. ഇതുവരെയുള്ളതിൽ നിന്ന് വ്യത്യസ്തമായി രജിസ്ട്രേഷനും ചിട്ടിയിൽ ചേരുന്നതും ഒരുമിച്ചാണ് യൂറോപ്യൻരാജ്യങ്ങളിൽ ലഭ്യമാക്കുക, അതായത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നവർക്ക് ഉടൻതന്നെ ചിട്ടിയിൽ ചേരുവാൻ കഴിയും.

ഇതോടൊപ്പംതന്നെ പ്രവാസികളുടെ നിരന്തര ആവശ്യമായ 10 ലക്ഷത്തിനുമേൽ സലയുള്ള ചിട്ടികളും വരിക്കാർക്കായി തുറന്ന് നൽകുന്നു. പ്രാരംഭമായി 30 മാസത്തെ 15 ലക്ഷത്തിന്റെ ചിട്ടിയും 25 മാസത്തെ 25 ലക്ഷത്തിന്റെ ചിട്ടിയുമാണ് ഉണ്ടാകുക. പിന്നീട് ആവശ്യമനുസരിച്ച്  കൂടുതൽ ഉയർന്ന വരിസംഖ്യകൾ ഉള്ള ചിട്ടികൾ പ്രഖ്യാപിക്കുന്നതാണ്. ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അനുസരിച്ചു്  ആദ്യവർഷം 10 ലക്ഷം വരെ സലയുള്ള ചിട്ടികൾക്കാണ് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.  ആയതിനാൽ 10 ലക്ഷത്തിനുമേൽ ഉള്ള ചിട്ടികൾ non-insured ആയി ആയിരിക്കും തുടങ്ങുക. എന്നാൽ സാധാരണ പ്രവസിച്ചിട്ടികളുടെ ബാക്കി എല്ലാ സവിശേഷതകളും ഇവക്കുണ്ടാകും. 

ചിട്ടിയിൽ ചേരുന്നതിന് പ്രവാസികൾക്ക് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ്ബാങ്കിങ്, ഡെബിറ്റ് കാർഡ്, UPI എന്നിവയും പ്രവാസി രാജ്യങ്ങളിലെ ബാങ്കുകളുടെ ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാവുന്നതാണ്. വെബ്സൈറ്റ് വഴിയും ആൻഡ്രോയിഡ് ഐഫോൺ മൊബൈൽ ആപ്പ് വഴിയും വരിക്കാർക്ക് ചിട്ടികളുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. നിക്ഷേപമായി ചിട്ടിയെ കണക്കാക്കുന്ന വരിക്കാർക്ക് വിളിച്ചെടുക്കുന്ന ചിട്ടിത്തുക ചിട്ടികാലാവധി കഴിയുന്നതുവരെ ഉയർന്ന പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപങ്ങൾ ആക്കാവുന്നതും കാലാവധി കഴിയുമ്പോൾ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതുമാണ്. പണത്തിനു അത്യാവശ്യമുള്ള വരിക്കാർക്ക് ചിട്ടിത്തുക ഇനി അടക്കുവാനുള്ള തവണകൾക്ക് ജാമ്യം നൽകി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈപറ്റാവുന്നതാണ്. വരിക്കാർക്ക് നേരിട്ടല്ലാതെ തന്നെ കേരളത്തിലെ ഏതു കെഎസ്എഫ്ഇ ബ്രാഞ്ചിലും ജാമ്യരേഖകൾ സമർപ്പിക്കുവാനും അതിന്റെ സ്റ്റാറ്റസ് ഓൺലൈനായി തത്സമയം നിരീക്ഷിക്കുവാനും കഴിയും.

Follow Us:
Download App:
  • android
  • ios