തിരുവനന്തപുരം: കൊവിഡ് കാലത്തേക്ക് കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികളെ സഹായിക്കാന്‍ കെ.എസ്.എഫ്.ഇ പ്രത്യേക സ്വര്‍ണ പണയ വായ്‍പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു ലക്ഷം രൂപ വരെ ഇങ്ങനെ വായ്പ ലഭിക്കും.  ആദ്യ നാല് മാസത്തേക്ക് മൂന്ന് ശതമാനം പലിശ നിരക്കായിരിക്കും ഈ വായ്പയ്ക്ക് ഈടാക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യ നാല് മാസങ്ങള്‍ക്ക് ശേഷം സാധാരണ നിരക്കില്‍ തന്നെ പലിശ ഈടാക്കൂം. നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കായിരിക്കും ആനുകൂല്യം. ജോലി നഷ്ടമായി കേരളത്തിലേക്ക് മടങ്ങിവന്ന പ്രവാസികള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ പ്രവാസി ചിട്ടിയിലെ അംഗങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ ഒന്നര ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 10,000 രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പ, നിലവിലുള്ള പലിശ നിരക്കില്‍ നിന്ന് ഒരു ശതമാനം കുറച്ച് 8.5 ശതമാനം നിരക്കിലായിരിക്കും ലഭ്യമാക്കുക.