തിരുവനന്തപുരം: പ്രവാസികൾക്കുള്ള സൗജന്യ ക്വാറന്റൈനിൽ മലക്കം മറി‍ഞ്ഞ് മന്ത്രി കെ ടി ജലീൽ. മടങ്ങിവരുന്ന എല്ലാ പ്രവാസികൾക്കും സൗജന്യക്വാറന്റെൻ എന്ന മുൻ നിലപാടിൽ നിന്നാണ് മന്ത്രി കെ ടി ജലീൽ മലക്കം മറിഞ്ഞത്. വിദേശത്ത് നിന്ന് വന്നവരിൽ ആരോഗ്യപ്രശ്നമുള്ളവർക്കാണ് സൗജന്യ ക്വാറന്‍റൈനെന്നാണ് നേരത്തെ പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 

ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് സൗജന്യക്വാറന്റെനെന്ന് നേരത്തെ ഒരിടത്തും മന്ത്രി വിശദീകരിച്ചിരുന്നില്ല. അതേസമയം ക്വാറന്റെന് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കി. എംഎൽഎമാരുടേയും എംപിമാരുടേയും നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടേറ്റുകൾക്ക് മുന്നിലും ധർണ്ണ നടത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ സംസ്ഥാനനേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രവാസികളുടെ ക്വാറന്റൈന് പണം ഈടാക്കാനുള്ള നടപടി പിൻവലിക്കാത്തത് മുഖ്യമന്ത്രിയുടെ ധിക്കാരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മടങ്ങിവരുന്നവർക്ക് പ്രത്യേകപാക്കേജ് വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സർക്കാർ തെറ്റ് തിരുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കൊച്ചിയിൽ യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനും കോഴിക്കോട് പ്രതിപക്ഷഉപനേതാവ് എം കെ മുനീറും ധർണ്ണ ഉദ്ഘാടനം ചെയ്തു.