കുവൈത്തില്‍ കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിച്ച് എയിംസ് കൂട്ടായ്മ. മരുന്നുകള്‍ക്ക് പുറമേ പാചകം ചെയ്ത നൂറ് കണക്കിന് ഭക്ഷണ പൊതികളാണ് ദിവസവും ഇവര്‍ വിതരണം ചെയ്യുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റ് സംഘടനകളുടേയോ പിന്‍ബലത്തില്ലാതെയാണ് എയിംസ് എന്ന കൂട്ടായ്മ കൊവിഡ് കാലത്ത് കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നത്. പരമാവധി ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി, അവര്‍ വഴിയാണ് എയിംസിന്റെ പ്രവര്‍ത്തനം. 

കൊവിഡ് കാലത്ത് മാസങ്ങളായി കഷ്ടപ്പെടുന്നവര്‍ക്ക് പാചകം ചെയ്ത നൂറ് കണക്കിന് ഭക്ഷണ പൊതികള്‍ ആണ് ദിവസവും പ്രവര്‍ത്തകര്‍ ആവശ്യമുള്ള ഫ്‌ളാറ്റുകളില്‍ എത്തിച്ച് നല്‍കുന്നത്. അവരവരുടെ വീടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ മിച്ചം പിടിച്ച് സുമനസുകള്‍ നല്‍കുന്ന ഭക്ഷണം സ്വീകരിച്ചാണ് ഇവര്‍ വിതരണം ചെയ്യുന്നത്.

ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ മരുന്ന് ആവശ്യമുള്ളവര്‍ക്ക് എയിംസ് നല്‍കുന്നുണ്ട്. കുവൈത്തില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ നാട്ടില്‍ നിന്ന് എത്തിച്ചും നല്‍കുന്നുണ്ട്.