കൂടിക്കാഴ്ചയുടെ പ്രധാന ഫലങ്ങളിലൊന്ന് പുതിയൊരു ധാരണാപത്രം ഒപ്പുവെച്ചതാണ്. ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വ്യോമഗതാഗത വിപണികളെ പിന്തുണയ്ക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.
ദില്ലി: കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്‍റ് ശൈഖ് ഹുമൂദ് മുബാറക് ഹുമൂദ് അൽ സബാഹിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സിവിൽ ഏവിയേഷൻ സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച. വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിനും പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമാണ് ഈ ചർച്ചകളെന്ന് ശൈഖ് ഹുമൂദ് പറഞ്ഞു.
സാങ്കേതിക വൈദഗ്ദ്ധ്യം കൈമാറുന്നതിനും വ്യോമഗതാഗത വിപണിയിലെ സമീപകാല സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിനും യാത്രക്കാരുടെ മാറുന്ന ആവശ്യങ്ങൾക്കും ഭാവിയിലെ വെല്ലുവിളികൾക്കും അനുസൃതമായി സിവിൽ ഏവിയേഷൻ മേഖലയെ ഒരുക്കുന്നതിനുമുള്ള തന്ത്രങ്ങൾ ചർച്ചകളിൽ ശ്രദ്ധാകേന്ദ്രമായി. കൂടിക്കാഴ്ചയുടെ പ്രധാന ഫലങ്ങളിലൊന്ന് പുതിയൊരു ധാരണാപത്രം ഒപ്പുവെച്ചതാണ്. ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വ്യോമഗതാഗത വിപണികളെ പിന്തുണയ്ക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു. കണക്റ്റിവിറ്റി, പ്രവർത്തനക്ഷമത, മേഖലയിലെ വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുന്നു
