കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. 58 വയസ്സുള്ള കുവൈത്ത് പൗരനും 69 കാരനായ ഇറാനിയുമാണ്‌ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇരുവരും. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ അഞ്ചായി. 

അതേസമയം 134 പേർക്ക്  പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ  രാജ്യത്തെ  കോവിഡ്  കേസുകളുടെ എണ്ണം 1658 ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ ഇന്ത്യക്കാരാണ്.  ഇതോടെ രാജ്യത്തെ കോവിഡ്  ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 924 ആയി. പുതിയ രോഗികളിൽ 63 ഇന്ത്യക്കാർ ഉൾപ്പെടെ 126 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള  സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.  

ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ചികിത്സയിലുണ്ടായിരുന്ന 33 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 258  ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.