കുവൈത്ത് സിറ്റി: കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള 800 പ്രവാസികള്‍ക്ക് രാജ്യത്ത് മടങ്ങി വരാന്‍ അനുമതി. ഇങ്ങനെ എത്തുന്നവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ താമസിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കൊവിഡ് സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

മടങ്ങിവരുന്നവര്‍ സ്വന്തം ചെലവിലോ തൊഴിലുടമകളുടെ ചെലവിലോ ക്വറന്റീനില്‍ കഴിയണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മടങ്ങാനാഗ്രഹിക്കുന്ന അറുനൂറോളം പ്രവാസികളുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും. ഡോക്ടര്‍മാര്‍, ജഡ്‍ജിമാര്‍, കുവൈത്ത് എണ്ണ, വൈദ്യുതി മന്ത്രാലയങ്ങളിലെ വിദഗ്ധ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് പ്രത്യേക ഇളവ് ലഭിച്ചത്. അതേസമയം ഇന്ത്യ അടക്കം 32 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പൊതുവായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്.