കുവൈത്ത് സിറ്റി: വിസ നിയമങ്ങള്‍ ലംഘിച്ച 522 പ്രവാസികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തു. ജനറല്‍ സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രണ്ട് ഗവര്‍ണറേറ്റുകളില്‍ വ്യാപക പരിശോധന നടത്തിയത്. 

കാലാവധി കഴിഞ്ഞ വിസ പുതുക്കാതിരിക്കുക, രേഖകള്‍ കൈവശമില്ലാതിരിക്കുക, സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുക തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പിടിയിലായത്. 
സാല്‍മിയയില്‍ നിന്ന് 226 പേരെയും ജലീബ് അല്‍ ഷുയൂഖില്‍ നിന്ന് 296 പേരെയും അറസ്റ്റ് ചെയ്തു. തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.