കുവൈത്തിൽ 225 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച നാല് സ്വദേശികളെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറിൽ 225 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ച ഇവരുടെ ആഡംബര വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമനടപടികൾക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള കർശനമായ നടപടികളുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്. വേഗപരിധി ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ച നാല് കുവൈത്ത് പൗരന്മാരെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജഹ്‌റ മേഖലയിൽ നടത്തിയ പരിശോധനയിലാണ് അനുവദനീയമായ വേഗപരിധി ലംഘിച്ച രണ്ട് സ്വദേശികളെ ജഹ്‌റ ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിന് പുറമെ പ്രധാന ഹൈവേകളിൽ നിരീക്ഷണം നടത്തിയിരുന്ന ഹൈവേ പട്രോളിംഗ് യൂണിറ്റുകൾ മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഹൈവേയിൽ അനുവദനീയമായ വേഗപരിധിയേക്കാൾ 150 കിലോമീറ്ററിലധികം വേഗതയിലാണ് ഇവർ വാഹനമോടിച്ചിരുന്നത്. ഇതിൽ ഒരാൾ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലും രണ്ടാമൻ മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിലുമാണ് തങ്ങളുടെ വാഹനങ്ങൾ ഓടിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

അറസ്റ്റിലായ നാല് പേരെയും നിയമനടപടികൾക്കായി ട്രാഫിക് ഡിറ്റൻഷൻ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർ ഓടിച്ചിരുന്ന ആഡംബര വാഹനങ്ങൾ ട്രാഫിക് പൊലീസ് പിടിച്ചെടുത്ത് കസ്റ്റഡിയിലേക്ക് മാറ്റി. വരും ദിവസങ്ങളിലും ഹൈവേകളിലും ഉൾറോഡുകളിലും പരിശോധന ശക്തമാക്കുമെന്നും അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവ നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് മന്ത്രാലയം മുന്നറിയിപ്പ് നൽകി.