കുവൈത്തിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന. 2.457 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് നിയമലംഘനങ്ങൾ കണ്ടെത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 2.457 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ പരിശോധനാ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി 26 ഭക്ഷ്യസ്ഥാപനങ്ങൾ സന്ദർശിക്കുകയും ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനം, ലൈസൻസ് സംബന്ധമായ ക്രമക്കേടുകൾ, ജീവനക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്തു.
നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി പരിശോധനകൾ തുടരുമെന്നും ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി വ്യക്തമാക്കി.


