കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളും നിയമവിരുദ്ധ ഉൽപ്പന്നങ്ങളും പിടികൂടി. കർശന പരിശോധനയിൽ 35 നിയംലംഘനങ്ങൾ കണ്ടെത്തി അധികൃതർ. സർക്കാർ സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ അനധികൃതമായി വിറ്റ ഗ്രോസറി സ്റ്റോർ നിയമപ്രകാരം അടച്ചുപൂട്ടി.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉപഭോക്തൃ സംരക്ഷണത്തിന്‍റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ 35 നിയമലംഘനങ്ങൾ കണ്ടെത്തി. ഒരു ഗ്രോസറി സ്റ്റോർ അടച്ചുപൂട്ടുകയും ചെയ്തു. ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന, ഉത്ഭവം വ്യക്തമല്ലാത്ത ഉൽപ്പന്നങ്ങളുടെ വ്യാപാരം, നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ വിൽപ്പന, ലൈസൻസില്ലാതെ പ്രവർത്തിക്കൽ തുടങ്ങിയ ഗുരുതര ലംഘനങ്ങൾ കണ്ടെത്തി. സർക്കാർ സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ അനധികൃതമായി വിറ്റ ഗ്രോസറി സ്റ്റോർ നിയമപ്രകാരം അടച്ചുപൂട്ടി. വിപണിയിലെ തട്ടിപ്പുകളും നിയമലംഘനങ്ങളും തടയാൻ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
കർശന പരിശോധനയിൽ കണ്ടെത്തിയത് മദ്യവും കഞ്ചാവും
കുവൈത്തിലെ ഫർവാനിയ, അൽ-മുത്‌ല എന്നിവിടങ്ങളിൽ നടന്ന വ്യത്യസ്ത സുരക്ഷാ പരിശോധനകളിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവും കഞ്ചാവും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ഉത്തരവിട്ടു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫർവാനിയയിൽ നടന്ന പരിശോധനയിൽ പ്രാദേശികമായി നിർമ്മിച്ച 7 കുപ്പി മദ്യവുമായി രണ്ട് പ്രവാസികളെയാണ് ആദ്യം സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. തുടർന്ന് അൽ-മുത്‌ലയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ രണ്ട് പാക്കറ്റ് കഞ്ചാവുമായി മറ്റ് രണ്ട് പ്രവാസികളെയും അധികൃതർ കസ്റ്റഡിയിലെടുത്തു.


