കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷം ദിനാറിലധികം വിലവരുന്ന മൂന്ന് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ ആഭ്യന്തര മന്ത്രാലയം പിടികൂടി. ട്രക്കിന്റെ സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ തുർക്കി സ്വദേശിയായ ഡ്രൈവറെ അധികൃതർ അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിന്‍റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പരാജയപ്പെടുത്തി. അഞ്ച് ലക്ഷം കുവൈത്ത് ദിനാറിലധികം വിപണിവില കണക്കാക്കുന്ന മൂന്ന് ലക്ഷം ക്യാപ്റ്റഗൺ മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. തുർക്കി സ്വദേശിയായ ട്രക്ക് ഡ്രൈവറെ അധികൃതർ അറസ്റ്റ് ചെയ്തു.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കബ്ദ് പ്രദേശത്തുവെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ട്രക്കിന്റെ സ്പെയർ ടയറിനുള്ളിൽ പ്രത്യേക ഇൻസുലേഷൻ വസ്തുക്കൾ ഉപയോഗിച്ച് അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ കണ്ടെത്തിയത്.

കുവൈത്ത് ഫയർഫോഴ്സിന്‍റെ സഹായത്തോടെ ടയർ തുറന്നാണ് മൂന്ന് ലക്ഷം മയക്കുമരുന്ന് ഗുളികകൾ പുറത്തെടുത്തത്. അയൽരാജ്യത്തുനിന്ന് അതിർത്തി കടന്ന് ട്രാൻസിറ്റ് വിസയിൽ കുവൈത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് എത്തിച്ച രാജ്യത്തെ ലഹരിവിരുദ്ധ ഏജൻസിയുമായും കുവൈത്ത് അധികൃതർ ഏകോപനം ആരംഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത് ശൃംഖലകൾ തകർക്കുന്നതിനും പുതിയ കള്ളക്കടത്ത് രീതികൾ കണ്ടെത്തുന്നതിനും ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ച് കുട്ടികളെയും യുവജനങ്ങളെയും മയക്കുമരുന്നിന്റെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിന് സർക്കാർ അതീവ പ്രാധാന്യം നൽകുന്നതായും രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.