യാത്രക്കാര്‍ അംഗീകൃത ടാക്സി വാഹനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത ടാക്സികള്‍ കണ്ടെത്തായി അധികൃതരുടെ പരിശോധന. കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍, യാത്രക്കാരെ കയറ്റാനെത്തിയ 20 വാഹനങ്ങള്‍ പിടികൂടി. ലൈസന്‍സില്ലാതെ ഓടുന്ന ടാക്സികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു.

വരും ദിവസങ്ങളിലും വിമാനത്താവളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ അംഗീകൃത ടാക്സി വാഹനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിടിയിലായ വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

Read also:  ദുബൈയിലെ അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ പൊലീസ് നടപടി; 870 പേര്‍ അറസ്റ്റില്‍

അതേസമയം കുവൈത്തില്‍ ഭക്ഷണ ഡെലിവറി കമ്പനികള്‍ക്ക് ബാധകമായ പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷന്‍സ് അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹ് വിവിധ മന്ത്രാലയങ്ങളിലെ അധികൃതരുമായി ചര്‍ച്ച നടത്തി. വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്റ് ന്യുട്രീഷ്യന്‍ എന്നിവയുമായി സഹകരിച്ച്, ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ ചട്ടങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം.

കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയും വഹിക്കുന്ന ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ നീക്കങ്ങള്‍. ഡെലിവറി വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ആരോഗ്യ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുക, ഡെലിവറി വാഹനത്തിന്റെ ഉടമകളായ കമ്പനിയുടെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിക്കുക, ജോലി ചെയ്യുന്ന ജീവനക്കാരന്റെ വിസ അയാള്‍ ജോലി ചെയ്യുന്ന കമ്പനിയുടതേ തന്നെയാണെന്ന് ഉറപ്പുവരുത്തുക, യൂണിഫോം സംബന്ധമായ നിബന്ധനകള്‍ തുടങ്ങിയവയായിരിക്കും നടപ്പാക്കുകയെന്നാണ് സൂചന.

Read also: ജോലിക്കിടെ പരിക്കേറ്റ പ്രവാസി തൊഴിലാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം