റോഡുകളില്‍ നിന്നും വെള്ളം നീക്കുന്ന പ്രവൃത്തികള്‍ വെള്ളിയാഴ്ച തന്നെ സിവില്‍ ഡിഫന്‍സ് തുടങ്ങിയിരുന്നു. വീടുകളിലും മറ്റും മുടങ്ങിപ്പോയ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മൂന്ന് ദിവസം കൊണ്ട് 245 മില്ലീമീറ്റര്‍ മഴയാണ് കുവൈറ്റില്‍ പെയ്തത്. 

കുവൈറ്റ് സിറ്റി: മൂന്ന് ദിവസം നീണ്ട അതിശക്തമായ മഴയ്ക്കും പ്രളയത്തിനും ശേഷം കുവൈറ്റില്‍ ഊര്‍ജ്ജിതമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഓഫീസുകളും സ്കൂളുകളും അടച്ചിടേണ്ടി വന്ന വെള്ളപ്പൊക്കത്തില്‍ രാജ്യത്തെ ജനജീവിതം താറുമാറായിരുന്നു. നിരവധി റോഡുകള്‍ തകരുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗനം ഉറപ്പുനല്‍കി.

റോഡുകളില്‍ നിന്നും വെള്ളം നീക്കുന്ന പ്രവൃത്തികള്‍ വെള്ളിയാഴ്ച തന്നെ സിവില്‍ ഡിഫന്‍സ് തുടങ്ങിയിരുന്നു. വീടുകളിലും മറ്റും മുടങ്ങിപ്പോയ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മൂന്ന് ദിവസം കൊണ്ട് 245 മില്ലീമീറ്റര്‍ മഴയാണ് കുവൈറ്റില്‍ പെയ്തത്. ഇതിന് മുന്‍പ് 1997ലാണ് 64.1 മില്ലീമീറ്റര്‍ മഴ ലഭിച്ചത്. 148 പേരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. അഹ്‍മദി ഗവര്‍ണറേറ്റിലെ 29 ഫ്ലാറ്റുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

ശക്തമായ മഴ പെയ്ത ഒരു ദിവസം മാത്രം സഹായം തേടി 6,089 ഫോണ്‍ കോളുകള്‍ ലഭിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ദുരിതകാലത്തെ അതിജീവിക്കുന്നതിനായി ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് ആഹ്വാനം ചെയ്തു. രാജ്യത്ത് വര്‍ഷിച്ച മഴയും തുര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനങ്ങളും മുന്‍പെങ്ങുമില്ലാത്തതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.