കുവൈത്ത് സിറ്റി: യാത്രാ വിലക്ക് കാരണം തിരികെയെത്താവാത്തതിനാല്‍ വായ്‍പാ തിരിച്ചടവ് മുടങ്ങിയ പ്രവാസികള്‍ക്കെതിരെ കുവൈത്തിലെ ബാങ്കുകള്‍ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വിമാന സര്‍വീസുകള്‍ ആരംഭിക്കാത്തതിനാല്‍ സ്വന്തം നാടുകളില്‍ കുടുങ്ങിയ നിരവധിപ്പേരുടെ വിസാ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ ഇവരുടെ പേരിലുള്ള വായ്‍പകള്‍ എഴുതിത്തള്ളുകയോ കിട്ടാക്കടമായി കടക്കാക്കുകയോ ഇല്ലെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുവൈത്തിലെ ചില ബാങ്കുകള്‍ ലോണുകള്‍ തിരിച്ചടയ്‍ക്കാത്ത പ്രവാസികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരും എന്നാല്‍ സ്‍പോണ്‍സര്‍മാര്‍ കുവൈത്തിലുള്ളവരുമായവര്‍ക്കെതിരെ റിക്കവറി ഏജന്റുമാരുടെയും കമ്പനികളുടെയും സഹായത്തോടെയാണ് നടപടി. 50 കുവൈത്തി ദിനാറിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കുള്ള ലോണുകള്‍ തിരിച്ചടയ്‍ക്കാതിരുന്നാല്‍ പ്രോസിക്യൂഷന്‍ അംഗീകാരം ലഭിക്കും. പ്രവാസികള്‍ തിരിച്ചടവ് മുടക്കിയ ലോണുകളുടെ ആകെ തുക അടുത്ത മാസത്തോടെ വ്യക്തമാവും. കമ്പനികള്‍ നല്‍കുന്ന ജാമ്യത്തിന്മേലാണ് സാധാരണയായി ബാങ്കുകള്‍ പ്രവാസികള്‍ക്ക് വ്യക്തിഗത വായ്‍പകള്‍ അനുവദിക്കുക.