ജനുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി 28 വരെ കുവൈത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ മന്ത്രാസഭാ യോഗം തീരുമാനിച്ചു.

കുവൈത്ത് സിറ്റി: കൊവിഡ് കേസുകള്‍ (covid cases) വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് (Social gatherings) വിലക്കേര്‍പ്പെടുത്തി. ജനുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി 28 വരെയാണ് അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്ക് (Indoor gatherings) നിയന്ത്രണം. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് (Kuwait cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് രോഗബാധിതരുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കുവൈത്തില്‍ കൂടുതവ്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു ദിവസം മാത്രം 1482 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകള്‍ 4,20,796 ആയി.

കഴിഞ്ഞ ദിവസം 201 പേര്‍ രോഗമുക്തരായി. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് കാര്യമായി ഉയരാത്തത് ആശ്വാസകരമാണ്. ഇന്നലെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നുണ്ട്. 50ല്‍ താഴെ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ബുക്ക് ചെയ്യണം.