കുവൈത്തിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റി ജീവനക്കാര്‍ക്ക് തടവുശിക്ഷ. രണ്ട് വനിതാ ജീവനക്കാരും ഒരു ഈജിപ്ഷ്യൻ പ്രവാസിയും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവര്‍ക്ക് അഞ്ച് വർഷം തടവാണ് വിധിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി കേസുകളിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റി ജീവനക്കാർക്ക് തടവുശിക്ഷ. കൗൺസിലർ അബ്ദുൾവഹാബ് അൽ-മുഐലിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചത്. രണ്ട് വനിതാ ജീവനക്കാരും ഒരു ഈജിപ്ഷ്യൻ പ്രവാസിയും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവര്‍ക്ക് അഞ്ച് വർഷം തടവാണ് വിധിച്ചത്.

ഒരു അക്കൗണ്ടൻ്റിനും ഒരു കമ്പനി പ്രതിനിധിക്കും 3 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചതിനും ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൈക്കൂലിക്ക് പകരമായി, ദേശീയ ഡാറ്റാബേസിൽ താമസക്കാരുടെ വിലാസങ്ങൾ മാറ്റാനും പുതുക്കാനും വേണ്ടി ഈ സംഘം ഗൂഢാലോചന നടത്തി. ഇവർ വ്യാജ വിവരങ്ങൾ ഉപയോഗിച്ച് പുതിയ സിവിൽ ഐഡി കാർഡുകൾ നൽകിയതായും വ്യാജ വാടക കരാറുകൾ നിർമ്മിച്ചതായും പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച്, അവരുടെ വിലാസത്തിലേക്ക് വ്യാജ താമസക്കാരെ അവരുടെ അറിവില്ലാതെ മാറ്റിയതായും അന്വേഷണത്തിൽ തെളിഞ്ഞു.