കുവൈത്തിലെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം പുതിയ ഉത്തരവിറക്കി. റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കുന്ന അമിത കമ്മീഷൻ കുറയ്ക്കാനും വിപണിയിലെ ചൂഷണം അവസാനിപ്പിച്ച് വിലസ്ഥിരത ഉറപ്പാക്കാനുമാണ് ഈ നടപടി.

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ, പ്രൊഡക്ട് ഡിസ്‌പ്ലേ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ച് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൊവിധി. പ്രമുഖ ഡെലിവറി ആപ്പുകളും റെസ്റ്റോറന്‍റുകൾ, കഫേകൾ, ഭക്ഷണശാലകൾ എന്നിവയും തമ്മിലുള്ള ഇടപാടുകളിൽ നിലനിൽക്കുന്ന കടുത്ത അസമത്വം പരിഹരിക്കാനും വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് ഈ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിലെ വിപണി സാഹചര്യം അനുസരിച്ച് ഇത്തരം ആപ്പുകൾ വലിയൊരു കുത്തകയായി മാറിയിരിക്കുകയാണെന്നും ചെറുകിട-ഇടത്തരം ബിസിനസ്സ് ഉടമകൾക്ക് ഉപഭോക്താക്കളിലേക്ക് എത്താൻ ഈ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലാത്ത അവസ്ഥയാണെന്നും മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. നിലനിൽപ്പിനായി ഈ ആപ്പുകളുടെ കടുത്ത നിബന്ധനകൾക്ക് വഴങ്ങാൻ ചെറുകിട വ്യാപാരികൾ നിർബന്ധിതരാകുകയാണ്.

ചില പ്രമുഖ ഡെലിവറി ആപ്പുകൾ ഈടാക്കുന്ന കമ്മീഷനുകളും മറ്റ് ഫീസുകളും റെസ്റ്റോറന്‍റുകളുടെ ലാഭവിഹിതത്തിന്‍റെ വലിയൊരു പങ്കും കവർന്നുപോകുന്നത്ര ഉയർന്ന നിരക്കിലാണ്. അമിത ചൂഷണം കാരണം രാജ്യത്തെ നിരവധി ചെറുകിട ഭക്ഷണശാലകൾ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും പൂട്ടലിന്റെ വക്കിൽ എത്തുകയും ചെയ്തിട്ടുണ്ട്. ആപ്പുകൾ ഈടാക്കുന്ന ഈ അമിത ഭാരം ഒടുവിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് സാധാരണ ഉപഭോക്താക്കളുടെ തലയിലേക്കാണ് വന്നിരുന്നത്. ഇത് വിപണിയിലെ വിലസ്ഥിരതയെ ദോഷകരമായി ബാധിച്ചു.

ഈ സാഹചര്യത്തിലാണ് പൊതുജനതാത്പര്യം മുൻനിർത്തിയും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി സർക്കാർ ശക്തമായ നിയമപരമായ ഇടപെടൽ നടത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ ആപ്പുകൾക്ക് ഇഷ്ടാനുസരണം കമ്മീഷൻ ഈടാക്കാൻ കഴിയില്ലെന്നും ഇത് വിപണിയിലെ മത്സരവും സുതാര്യതയും വർധിപ്പിക്കുമെന്നും വാണിജ്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.