കുവൈത്ത് സിറ്റി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ശനിയാഴ്ചയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡന് ആശംസകളറിയിച്ച് കുവൈത്ത് അമീര്‍ സന്ദേശമയച്ചത്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അമീര്‍ അഭിനന്ദനമറിയിച്ചു. വിവിധ മേഖലകളില്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഈഷ്മളമായ ബന്ധം ശക്തിപ്പെടുത്താനും കാത്തിരിക്കുകയാണെന്ന് ശൈഖ് നവാഫ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമുള്ള പൊതുവായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പരസ്പര സഹകരണം കൂടുതല്‍ വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന് ആരോഗ്യം ആശംസിച്ച അമീര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വളര്‍ച്ചയും വികസനവും കൈവരിക്കാനാവട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.