കുവൈത്ത് സിറ്റി: കുവൈത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ 4000 എണ്ണം തിരിച്ചയച്ചതായി കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റി അറിയിച്ചു. വിദേശി എഞ്ചിനീയര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരം നിര്‍ബന്ധമാണ്. 34,000 ല്‍ പരം സര്‍ട്ടിഫിക്കറ്റുകളാണ് അംഗീകാരത്തിനായി കുവൈത്ത് എഞ്ചിനിയേഴ്സ് സൊസൈറ്റിയുടെ പരിഗണനയ്ക്ക് വന്നത്. 

സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം നിരസിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കേ അംഗീകാരം നല്‍കൂ.  അംഗീകാരത്തിനായി വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ഥ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമാണ് വേണ്ടത്. പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിനും കോഴ്സിനും അംഗീകാരം ആവശ്യമാണ്. അല്ലാത്തവരെ എഞ്ചിനീയര്‍മാരായി കണക്കാക്കില്ല. സര്‍ട്ടിഫിക്കറ്റുകള്‍ മാന്‍പവര്‍ അതോരിറ്റിക്ക് തന്നെ നേരിട്ട് പരിശോധിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുകയാണെന്ന് എഞ്ചിനീയേഴ്സ് സൊസൈറ്റി അറിയിച്ചു.