Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ 3.6 ലക്ഷം പ്രവാസികളെ പുറത്താക്കാനുള്ള പദ്ധതികള്‍ക്ക് അന്തിമ രൂപമാകുന്നു

കുവൈത്തിലെ ജനസംഖ്യയുടെ 70 ശതമാനവും ഇപ്പോള്‍ പ്രവാസികളാണെന്നും കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Kuwait finalizing schemes to drastically cut the number of expats
Author
Kuwait City, First Published Aug 11, 2020, 11:26 PM IST

കുവൈത്ത് സിറ്റി: പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് അംഗീകാരം നല്‍കാനൊരുങ്ങി കുവൈത്ത് സര്‍ക്കാറും നാഷണല്‍ അസംബ്ലിയും. ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള വിവിധ പദ്ധതികളിലായി 3,60,000ല്‍ അധികം പ്രവാസികളെ ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്.

നിലവില്‍ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന 1,20,000 അനധികൃത താമസക്കാരെ പുറത്താക്കാനാണ് ഒരു പദ്ധതി. വിസാ കച്ചവടത്തിനായി മാത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യാജ കമ്പനികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേകിച്ച് പ്രവര്‍ത്തനമൊന്നുമില്ലത്ത നിരവധി സ്ഥാപനങ്ങള്‍ പ്രാവാസികളെ രാജ്യത്ത് എത്തിച്ചിട്ടുണ്ടെങ്കിലും അവര്‍ ജോലി ചെയ്യുന്നത് മറ്റ് സ്ഥാപനങ്ങളിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാനാണ് മറ്റൊരു പദ്ധതി. ജീവനക്കാരും അവരുടെ ആശ്രിതരും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് പുറമെ ഗുരുതര രോഗങ്ങളുള്ള പ്രവാസികളെയും കുവൈത്തില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കാനാണ് തീരുമാനമെന്ന് 'കുവൈത്ത് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. അവിദഗ്ധ തൊഴിലാളികളും വിദ്യാഭ്യാസ യോഗ്യതകള്‍ കുറഞ്ഞ 90,000 പ്രവാസികളും പുറത്താക്കല്‍ പട്ടികയിലുണ്ട്.

സ്വദേശികളുടെയും വിദേശികളുടെയും ജനസംഖ്യാ അനുപാതം ഉറപ്പുവരുത്തുന്നതിനായി ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കാന്‍ സാമൂഹികകാര്യ മന്ത്രി മറിയം അല്‍അഖീലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്ര പദ്ധതിയും ഒരോ വര്‍ഷവും ഘട്ടം ഘട്ടമായി ഒഴിവാക്കേണ്ടെ പ്രവാസികളുടെ എണ്ണവും സംബന്ധിച്ചുള്ള കണക്കുകളാണ് തയ്യാറാക്കുകയെന്ന് പാര്‍ലമെന്റ് അംഗം ഖലീല്‍ അല്‍ സലാഹിനെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ ഈയാഴ്ച തന്നെ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

2005 മുതല്‍ 2019 അവസാനം വരെയുള്ള കാലയളവില്‍ കുവൈത്തിലെ ജനസംഖ്യ 55ശതമാനം വര്‍ദ്ധിച്ച് 1.33 ദശ ലക്ഷമായി. അതേസമയം ഇതേ കാലയളവില്‍ പ്രവാസികളുടെ എണ്ണം 130 ശതമാനത്തിലധികം വര്‍ദ്ധിച്ച് 3.08 ദശലക്ഷമായെന്നുമാണ് സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പുറത്തുവരുന്ന കണക്കുകളിലുള്ളത്. കുവൈത്തിലെ ജനസംഖ്യയുടെ 70 ശതമാനവും ഇപ്പോള്‍ പ്രവാസികളാണെന്നും കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios