നിയമം പ്രാബല്യത്തിൽ വന്നാൽ അടുത്ത ജനുവരി ഒന്നു മുതൽ പതിനാറായിരം വിദേശികൾക്ക് തൊഴിൽ നഷ്ടമാവും

കുവൈത്ത്: ധനകാര്യ സ്ഥാപനങ്ങളിൽ സ്വദേശികളെ ഓഡിറ്റർമാരായി നിയമിക്കണമെന്ന നിയമം കർശനമാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. അടുത്ത ജനുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ പതിനാറായിരം വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കരുതുന്നത്. കള്ളപ്പണം തടയാൻ ലക്ഷ്യമിട്ടാണ് കുവൈത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ സ്വദേശി ഓഡിറ്റർമാരുടെ നിയമനം നിർബന്ധമാക്കുന്നത്. 

സ്വദേശിവത്കരണത്തിന് വേണ്ടിയും ഇഹ്‌ലാൽ പദ്ധതിയുടെ ഭാഗമായുമാണ് വാണിജ്യവ്യവസായമന്ത്രാലയം പുതിയ നിബന്ധന ഏർപ്പെടുത്തുന്നത്. 2020 ജനുവരി ഒന്ന് മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ ബ്രോക്കറേജ് രംഗംത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സ്വർണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബാധകമാകും.

സ്വദേശികൾക്ക് തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. നിയമം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തെ സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് 16000 പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കരുത്തപ്പെടുന്നത്. അതേ സമയം ഇതിന്റെ ഭാഗമായി 16000 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാനും പുതിയ തീരുമാനം വഴിയൊരുക്കും. ഈ വർഷം ഇതുവരെ 2500 പേർക്കാണ് ഇഹ്‌ലാൽ പദ്ധതിയുടെ ഭാഗമായി ജോലി നഷ്ടമായത്. അടുത്ത അഞ്ച് വർഷത്തിനിടയിൽ 41,000 വിദേശികളെ സേവനം അവസാനിപ്പിച്ചു തിരിച്ചയക്കാനാണ് അധികൃതരുടെ പദ്ധതി.