കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യക്കാരുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ആരംഭിച്ചു. ബുധനാഴ്ച ദിവസങ്ങളിലാകും ഓപ്പണ്‍ ഹൗസ് നടക്കുക. അതേസമയം കൊവിഡ് മൂലം നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയത്തിക്കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് പറഞ്ഞു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഠങ്ങളനുസരിച്ചാണ് ഓപ്പണ്‍ ഹൗസ് നടത്തുക. ആവശ്യങ്ങളും പരാതികളും മുന്‍കൂട്ടി എംബസിയുടെ കമ്മ്യൂണിറ്റി ഇ-മെയിലായ community.kuwait@mea.gov.in എന്ന വിലാസത്തില്‍ അയക്കണം.

ലഭിക്കുന്ന മെയിലുകള്‍ പ്രകാരമാണ് ആള്‍ക്കാരെ പരിഗണിക്കുകയെന്ന് എംബസി  അറിയിച്ചു.കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയെ കൂടാതെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, കമ്മ്യൂണിറ്റി അഫേഴ്സ് കൗണ്‍സിലര്‍, ലേബര്‍ വിഭാഗം ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികളുടെയും സാന്നിദ്ധ്യത്തിലാണ് ഓപ്പണ്‍ ഹൗസ് നടക്കുക. ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരമുതല്‍ ആണ് ഓപ്പണ്‍ ഹൗസ് നടക്കുക. പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജാണ് ഓപ്പണ്‍ ഹൗസ് ഒരുക്കാന്‍ മുന്‍കൈ എടുത്തത്.

റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റു; യുഎഇയില്‍ പ്രവാസി ഡെലിവറി ബോയ്ക്ക് നഷ്ടപരിഹാരം 30 ലക്ഷം രൂപ